കൊടുങ്ങല്ലൂർ : കൊടുങ്ങല്ലൂർ ബസ് സ്റ്റാൻഡിൽ വെച്ച് എറണാകുളത്തു നിന്നും കൊടുങ്ങല്ലൂരിലേക്ക് സർവീസ് നടത്തുന്ന ബസ്സിലെ ഡ്രൈവറായ നായരമ്പലം സ്വദേശി അമ്പലത്ത് വീട്ടിൽ ഷംസാദ് (27) എന്നയാളെ ഇരുമ്പ് വടികൊണ്ടും സോഡാ കുപ്പികൊണ്ടും തലയ്ക്കടിച്ചും മറ്റും പരിക്കേൽപ്പിച്ച കേസിൽ രണ്ട് പ്രതികളെ കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു. എടവിലങ്ങ് കാര പുതിയറോഡ് സ്വദേശി കടുവങ്കശ്ശേരി വീട്ടിൽ വിഷ്ണു (33), കാര പുതിയ റോഡ് സ്വദേശി വലിയപറമ്പിൽ വീട്ടിൽ ആദർശ് (21) എന്നിവരാണ് അറസ്റ്റിലായത്. നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
2026 സെപ്റ്റംബർ 11-ാം തീയതി ഉച്ചയ്ക്ക് 12.30 മണിയോടെയായിരുന്നു സംഭവം. എറണാംകുളത്ത് നിന്ന് വന്നിരുന്ന ബസ് ഭക്ഷണം കഴിക്കാൻ കൊടുങ്ങല്ലൂരിൽ ഇറങ്ങിയ സമയത്ത് പ്രതികൾ ഡ്രൈവറെ ആക്രമിച്ച് പരിക്കേൽപ്പിച്ചത്. ആക്രമണം തടയാൻ എത്തിയ പരാതിക്കാരന്റെ സഹപ്രവർത്തകരായ വിനീത്, ശ്രീഹരി എന്നിവർക്കും ആക്രമണത്തിൽ പരിക്കേറ്റിരുന്നു. വിഷ്ണു കൊടുങ്ങല്ലൂർ, മാള, വലപ്പാട്, ചേർപ്പ്, മുനമ്പം, ഞാറക്കൽ പോലീസ് സ്റ്റേഷൻ പരിധികളിലായി മൂന്ന് വധശ്രമക്കേസിലും, അഞ്ച് അടിപിടിക്കേസുകളിലും, പോലീസുദ്ദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യ നിർവഹണം തടസ്സപ്പെടുത്തിയ കേസിലും മനുഷ്യ ജീവന് അപകടം വരത്തക്ക വിധം വാഹനമോടിച്ച കേസിലും അടക്കം പതിനൊന്ന് ക്രിമിനൽക്കേസുകളിൽ പ്രതിയാണ്. കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബൈജു ഇ ആർ, എസ് ഐ അജയ് എസ്, എസ് ഐ അറാഫത്ത്, എസ് ഐ സെബി, ജി എസ് സി പി ഒ മാരായ സുബീഷ്, സനോജ്, ജിനേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
