promo-banner-main

അന്താരാഷ്ട്ര ലഹരിമാഫിയയിലെ അംഗങ്ങളായ രണ്ട് നൈജീരിയൻ സ്വദേശികളെയുംനാഗാലാൻഡ് സ്വദേശിനിയെയും തമിഴ്നാട്ടിൽ നിന്നും അറസ്റ്റ് ചെയ്തു

ഓപ്പറേഷൻ തൂഫാൻ

അന്താരാഷ്ട്ര ലഹരിമാഫിയയിലെ അംഗങ്ങളായ രണ്ട് നൈജീരിയൻ സ്വദേശികളെയും നാഗാലാൻഡ് സ്വദേശിനിയെയും തമിഴ്നാട്ടിൽ നിന്നും അറസ്റ്റ് ചെയ്തു

തൃശ്ശൂർ റേഞ്ച് ഡി.ഐ.ജി നാരായണൻ ടി.ഐ.പി.എസ്. നൽകിയ നിർദേശപ്രകാരം തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീം ഐ.പി.എസ്.യുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘവും തൃശ്ശൂർ റൂറൽ പോലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ അറസ്റ്റിലായത്.

വസ്ത്ര കയറ്റുമതി കമ്പനിയുടെ മറവിൽ കേരളത്തിലേക്ക് വൻതോതിൽ രാസലഹരിയായ MDMA കടത്തിയ സംഘത്തെയാണ് അതി സാഹസികമായി പിടികൂടിയത്

കൈപ്പമംഗലം : ലഹരി മാഫിയയ്ക്കെതിരെ കേരള ഗവൺമെൻറ് നടപ്പിലാക്കി വരുന്ന ‘ഓപ്പറേഷൻ തൂഫാൻ’ ലഹരി വിരുദ്ധ നടപടികളുടെ ഭാഗമായി അന്താരാഷ്ട്ര ലഹരിമാഫിയ സംഘത്തിലെ അഗംങ്ങളായ രണ്ട് നൈജീരിയൻ സ്വദേശികളെയും ഒരു നാഗാലാൻഡ് സ്വദേശിനിയെയും തമിഴ്നാട്ടിൽ നിന്നും അതി സാഹസികമായി പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. നൈജീരിയൻ സ്വദേശികളായ KINGSLY V GOCHUKWU (43), AMOS IKECHUKAN (43), നാഗാലാൻഡ് സ്വദേശിനിയായ TSENSALI KIKON (49) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ കയ്പമംഗലം പോലീസ് സ്റ്റേഷനിലെത്തിച്ചു. നടപടിക്രമങ്ങൾക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും.തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിക്ക് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് 2026 നവംബർ 12 ന് കൈപ്പമംഗലം പോലീസ് സ്റ്റേഷൻ പരിധിയിലെ ചളിങ്ങാട് നിന്നും 34.390 ഗ്രാം MDMA യുമായി അന്തർസംസ്ഥാന ലഹരിമാഫിയ സംഘത്തിലെ കണ്ണികളായ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും സ്റ്റേഷൻ റൗഡിയുമായ പെരിഞ്ഞനം വഴിയമ്പലം വെസ്റ്റ് സ്വദേശി കുളങ്ങരവീട്ടിൽ മിൻഷാദ് (33), കൂട്ടാളിയായ പെരിഞ്ഞനം ചക്കരപ്പാടം സ്വദേശി പനപറമ്പിൽ വീട്ടിൽ ഷജിൽ (33) എന്നിവരെ തൃശ്ശൂർ റൂറൽ പോലീസും ഡാൻസാഫ് സംഘവും ചേർന്ന് പിടികൂടിയിരുന്നു. ഇവർക്ക് ലഹരിമരുന്ന് എത്തിച്ചു നൽകുന്ന മുഖ്യ കണ്ണികളെ കണ്ടെത്തുന്നതിനായി തൃശ്ശൂർ റേഞ്ച് ഡി.ഐ.ജി നാരായണൻ ടി. ഐ.പി.എസ്. ന്റെ നിർദേശപ്രകാരം തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീം ഐ.പി.എസ്. ന്റെ നേതൃത്വത്തിൽ കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി ആർ. രതീഷ്, നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി പ്രദീപ് എന്നിവരുടെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. ഈ അന്വേഷണ സംഘം നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് *തമിഴ്നാട് തിരുപ്പൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അന്താരാഷ്ട്ര രാസലഹരി നിർമ്മാണ-വിതരണ സംഘമാണ്* കൈപ്പമംഗലത്ത് അറസ്റ്റിലായ മിൻഷാദിനും ഷിജിലിനും MDMA നൽകിയിരുന്നത് എന്ന് കണ്ടെത്തിയത്. ​വസ്ത്രവ്യാപാരത്തിന്റെ മറവിലാണ് ഇവർ രാസലഹരി നിർമാണവും വിതരണവും നടത്തിയിരുന്നത്. പിടിയിലായ നൈജീരിയൻ സ്വദേശി കിംഗ്സ്ലി, വിദേശത്തേക്കും തിരിച്ചും വസ്ത്രങ്ങൾ കയറ്റുമതിയും ഇറക്കുമതിയും ചെയ്യുന്ന ഒരു കമ്പനി തിരുപ്പൂർ ആസ്ഥാനമായി നടത്തിവരികയായിരുന്നു. കൈപ്പമംഗലത്ത് അറസ്റ്റിലായ പ്രതികൾ വസ്ത്രവ്യാപാരത്തിനെന്ന വ്യാജേന പലതവണകളായി ഇവരിൽ നിന്നും വൻതോതിൽ MDMA വാങ്ങിയിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. വസ്ത്രവ്യാപാരത്തിന്റെ മറവിൽ നൈജീരിയൻ സ്വദേശി കിംഗ്സ്ലി കേരളത്തിലേക്കും മറ്റു സംസ്ഥാനങ്ങളിലേക്കും വൻതോതിൽ രാസലഹരി കടത്തിയിട്ടുണ്ട്. ഇതിനെക്കുറിച്ച് കൂടുതലായി അന്വേഷണം നടത്തി വരികയാണ്. തമിഴ്നാട്ടിലെ തിരുപ്പൂരിലുള്ള ഇടുവായ് പാളയം എന്ന ഉൾപ്രദേശത്ത് പ്രതികൾ ഒളിവിൽ കഴിയുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് അന്വേഷണസംഘം അവിടെയെത്തിയത്. നൈജീരിയൻ സ്വദേശികൾ വലിയ സംഘങ്ങളായി താമസിക്കുന്ന, മുന്തിയ ഇനം നായ്ക്കൾ റോന്ത് ചുറ്റുന്ന, പുറത്തുനിന്നുള്ളവർക്ക് പ്രവേശനം അതീവ ദുഷ്കരമായ മേഖലയിലായിരുന്നു പ്രതികളുടെ ഒളിത്താവളം. പോലീസ് എത്തിയതറിഞ്ഞ് മുറിക്കുള്ളിൽ കയറി വാതിലടച്ച പ്രതികൾ, കൈവശമുണ്ടായിരുന്ന രാസലഹരിയും അത് നിർമ്മിക്കുന്നതിനുള്ള അസംസ്കൃത വസ്തുക്കളും ബാത്ത്റൂമിലെ ക്ലോസറ്റിലിട്ട് ഫ്ലഷ് ചെയ്ത് നശിപ്പിച്ചു. തുടർന്ന് മുറിയുടെ ജനൽ തകർത്താണ് പോലീസ് സംഘം അകത്തുകടന്നത്. അക്രമാസക്തരായ പ്രതികളെ കീഴ്പ്പെടുത്തുന്നതിനിടെ, ഇവരെ രക്ഷപ്പെടുത്തുന്നതിനായി പ്രദേശവാസികളായ നൈജീരിയൻ സ്വദേശികൾ പോലീസ് സംഘത്തെ വളഞ്ഞു. ഇവരെ തോക്കിൻമുനയിൽ നിർത്തിയാണ് അന്വേഷണ സംഘം പ്രതികളുമായി അവിടെനിന്ന് മടങ്ങിയത്. കൊടുങ്ങല്ലൂർ ഡി.വൈ.എസ്.പി ആർ. രതീഷ് കുമാർ, നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി എസ്. പ്രദീപ് എന്നിവരുടെ മേൽനോട്ടത്തിൽ 10 അംഗ സംഘമാണ് തമിഴ്നാട്ടിൽ നിന്നും പ്രതികളെ പിടികൂടിയത്. കൈപ്പമംഗലം സി.ഐ വി.വി.വിമൽ, ഡാൻസാഫ് എസ്.ഐമാരായ സി.ആർ.പ്രദീപ്, പി.പി.ജയകൃഷ്ണൻ, എം.സതീശൻ, ടി. ആർ ഷൈൻ , എ.എസ്.ഐമാരായ വി.യു സിൽജോ. എ. യു.റെജി, ജി.എസ്.സി.പി.ഒമാരായ സി.കെ.ബിജു, പി. എക്സ് സോണി, കെ.ജെഷിന്റോ, സി.പി.ഒമാരായ എ.ബി.നിഷാന്ത്, സുർജിത് സാഗർ, കെ.എസ്.ചിത്തിര എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ലഹരിമരുന്ന് കടത്തുകാരെയും വിതരണക്കാരെയും കണ്ടെത്തുന്നതിനും ലഹരിവ്യാപാര ശൃംഖല തകർക്കുന്നതിനുമായി തൃശ്ശൂർ റൂറൽ പോലീസിന്റെ ശക്തമായ നടപടികൾ തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *