പട്ടാപ്പകൽ നഗര മധ്യത്തിൽ കാർ തടഞ്ഞുനിർത്തി ഡ്രൈവറുടെ കഴുത്തിൽ കിടന്ന രണ്ട് പവൻ്റെ സ്വർണ്ണമാല കവർന്ന കേസിൽ മൂന്ന് പേരെ ഗുരുവായൂർ ടെമ്പിൾ പോലീസ് അറസ്റ്റ് ചെയ്തു. ചാട്ടുകുളം പുളിയത്ത് ഗോപാലകൃഷ്ണൻ, വിയ്യൂർ താണിക്കുടം കൈപ്പുള്ളി ജയൻ, ആർത്താറ്റ് ചിറ്റഞ്ഞൂർ മുളക്കൽ നിഖിൽ കൃഷ്ണ എന്നിവരെയാണ് ടെമ്പിൾ എസ്.എച്ച്.ഒ. കെ.ജി. ജയപ്രദീപിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

ചക്കംകണ്ടം കറുത്തേടത്ത് നന്ദനാണ് ആക്രമണത്തിനിരയായത്. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ മമ്മിയൂർ അത്താണി സെൻ്ററിലാണ് സംഭവം. പ്രതികൾ മമ്മിയൂരിലെ ബാറിൽ നിന്നിറങ്ങി റോഡ് മുറിച്ച് കിടക്കുന്നതിനിടയിൽ കാർ തട്ടിയെന്നാരോപിച്ച് തടഞ്ഞു നിർത്തി. തുടർന്ന് ഡ്രൈവറെ മർദ്ദിച്ച് മാല കവർന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ നാട്ടുകാർ പിടികൂടി പോലീസിന് കൈമാറുകയായിരുന്നു. ഇവർ നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളാണെന്ന് പോലീസ് പറഞ്ഞു. മോഷണവുമായി ബന്ധപ്പെട്ട കോടതിയിലെ കേസ് കഴിഞ്ഞശേഷമാണ് ഇവർ മദ്യപിക്കാനായി ബാറിൽ എത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻ്റ് ചെയ്തു.

